
ചെന്നൈ: തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ വൻ സ്ഫോടനം. വിരുദുനഗറിലെ പടക്ക നിർമാണ യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്. 17 പേർ കൊല്ലപ്പെട്ടെന്നും ഒട്ടേറെ പേർക്ക് പരിക്കേറ്റു എന്നുമാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറി. പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണ്. പത്തിലധികം മുറികളുള്ള നിർമാണശാലയുടെ നാല് മുറികൾ സ്ഫോടനത്തിൽ പൂർണമായും തകർന്നു.
വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമാണ ശാലയിലാണ് അപകടമുണ്ടായത്. മുത്തുമാണിക്കം എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പടക്കനിർമാണശാല. ഈ സ്ഥാപനം സാധാരണ ഞായറാഴ്ച പ്രവർത്തിക്കാറില്ല. എന്നാൽ തിരഞ്ഞെടുപ്പു പ്രമാണിച്ച് 23-ാം തീയതി അവധി നൽകേണ്ടതിനാൽ ഇന്ന് പ്രവർത്തിക്കുകയായിരുന്നു എന്നാണ് സൂചന. സ്ഫോടനസമയത്ത് മുപ്പതിലധികം ജീവനക്കാർ ജോലിയിലുണ്ടായിരുന്നു എന്നാണു വിവരം, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടിപ്പുണ്ടോ എന്നറിയാൻ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തുകയാണ്.
സ്ഫോടനം നടന്നപ്പോൾ 10 കിലോമീറ്റർ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടന ശബ്ദം കേട്ട ഉടൻ ചില ജീവനക്കാർ ഓടി രക്ഷപ്പെട്ടു. ശിവകാശി, സാത്തൂർ, വിരുതുനഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എസ്പി ശ്രീനാഥ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുകയാണ്.
പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരണപ്പെട്ട വാർത്ത അതീവ ദുഃഖകരമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാനും മേൽനോട്ടം വഹിക്കാനും ദുരിതബാധിതരായ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും മന്ത്രിമാരോട് ഉടൻ സംഭവസ്ഥലത്തെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാ കലക്ടറെ ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകിയെന്നും എം.കെ.സ്റ്റാലിൻ സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു.










